'വരില്ല നിന്‍ തൂലികത്തുമ്പില്‍ വാക്കുകളാല്‍ സാന്ത്വനം പകരാന്‍; നീയെനിക്ക് നരകത്തിന്റെ താജ്മഹല്‍ പണിയുമ്പോള്‍ ,എന്റെ ഓര്‍മ്മയില്‍ ചിത്രങ്ങള്‍ മഷിപുരണ്ടു വെറുതെ തളര്‍ന്നു കിടക്കുന്നു ....

Thursday, June 21, 2012

കിനാവും ഭന്ഗവും!


 മറയുന്നോരാ മഴപക്ഷിതന്‍
ചിറകിന്റെ അറ്റത്തൊളിച്ചിരിക്കും
എന്‍ഹൃദയം ഇനിയേതുലോകം തേടും?
ഒരിക്കലായ് മൊഴിഞ്ഞൊരുവാക്കിന്റെ
പച്ചപ്പില്‍ മറന്നു പോയതെന്‍ മാനസം !
അത് നിന്പാദങ്ങളില്‍പതിയുന്നു
കണ്ണുനീരിന്‍ നനവുമായി...
കാര്‍മുഘിലിന്‍ വര്‍ണവുമായി!
എവിടെ നിന്റെ പ്രണയ പുഷ്പം....
എവിടെ നിന്റെ സാന്ത്വന പൂക്കള്‍ ?
ഇന്നെനിക്കെല്ലാം വിദൂരമാം സ്മൃതി മാത്രം !
അണഞ്ഞുപോയ വെയിലിന്റെ
ചിറകില്‍ പാടികളിച്ചു നടന്നൊരാ
പകലിന്റെ മാറില്‍ മയങ്ങിയതും
മറന്നു ഞാനെന്നെയെന്നു നിനച്ചിതാ ,
നിന്നാര്‍ദ്രമം വിരല്‍സ്പര്‍ശം
എന്നില്‍ വിടര്‍ത്തിയതെത്ര കിനാവുകള്‍ !
കൊഴിഞ്ഞുവീഴുന്ന പൂപോലെ കാലം
എന്നെ വിട്ടകലുമ്പോള്‍,
ഓര്‍മ്മയില്‍ നിറച്ചതെത്ര കിനാവും ഭന്ഗവും!
അസ്ഥിപാളികളില്‍ കിടക്കുന്ന
ജീവന്റെ ചൂടില്‍ മയങ്ങിയ
മാനസവും,മറക്കാന്‍ കൊതിക്കുന്നു
നീയാം തണലിന്റെ സ്വപ്നം....
മറക്കട്ടെ മൌനം തരും
നോവിന്റെ പാടുകള്‍ പുലരുമോ
ഇനിയും നിന്നകപ്പൂക്കളെന്നില്‍ !

Sunday, June 3, 2012

പിഞ്ഞുകീറിയ സ്കൂള്‍കാലം


 

 മുറിഞ്ഞുപോയ എന്റെ സ്കൂള്‍കാലം
തികട്ടിവരുന്നു...,
ഈ ജൂണ്‍മാസ മഴക്കൊപ്പം!
കുടയില്ലാതെ നനഞ്ഞു ,പിഞ്ഞുകീറിയ
പഴകിയ പുസ്തകകെട്ടു
മാറോടു ചേര്‍ത്ത് ഞാന്‍ വെള്ളിമഴക്കൊപ്പം
എന്റെ പള്ളികൂടത്ത്തിലേക്ക്
ഓടിയടുക്കവേ ,ചന്ദ്രന്മാഷിന്റെ
സഹതിപിച്ചുള്ള നോട്ടവും ,
കുട്ടികളുടെ വഷളന്‍ ചിരിയും
മറക്കുവതെങ്ങിനെ ?
എങ്കിലും ഒരു ഇളിഭ്യചിരിയോടെ
ക്ലാസിലമരുമ്പോള്‍,
എനിക്ക് ഒരേ ഒരു ചിന്ത ..
"എനിക്ക് പഠിക്കണം ..പഠിച്ചു വളര്‍ന്നു
വലുതായി ഒരു ഡോക്ടര്‍ ആവണം"
ഇന്നതൊരു പഴകിയ ചിതലരിച്ച
ഒരു മോഹം മാത്രം !
ഒമ്പതാം ക്ലാസ്സിന്റെ പടിയില്‍
തളര്‍ന്നുവീണ എന്റെവിദ്ദ്യ...
പിന്നെ, ഒരിക്കലും എന്നരികിലേക്ക്
വരാന്‍ മടിച്ചു, എന്നോട്
പിണങ്ങിപോയ സ്കൂള്‍ കാലം ..!
മുറിഞ്ഞുപോയതെവിടെ?
ഹൃദയവാല്‍വില്‍ ഒരു സുഷിരം
അതൊരു ആഴകിണറായി എന്നെ
വലിച്ചിടുമ്പോള്‍ നഷ്ട്ടങ്ങള്‍മാത്രം
എണ്ണിനോക്കിയ ഒരു പിഞ്ചുകുഞ്ഞിന്റെ
ബാല്യം അകമുറിയില്‍ തളച്ചു കിടന്നു !
സ്മൃതി മാത്രമായ ..സ്കൂള്‍ കാലം,
ഇപ്പോഴും എന്നില്‍ നിറയും
ഒരുകുട്ട കൊന്നപൂക്കളുമായി,
വെള്ളിമഴയുമായി...പിന്നെ
ഒരുപിടി നോവ്‌ തരും!

Tuesday, April 3, 2012

നിന്റെ അനുയായികള്‍










മരണത്തിന്റെ പിന്നാമ്പുറങ്ങളില്‍
ഒരു ജീവന്റെ തുടിപ്പ് .....
അത്ഭുതത്തോടെ ഞാന്‍ നോക്കി
അത് നീയായിരുന്നോ ലീലേ ?!!

പുതിയ ചരിത്രം എഴുതിയവള്‍
വിശുദ്ധമാം മനുക്ഷ്യബന്ധത്തിന്റെ ഉറവിടം !
എന്നിട്ടും അവള്‍ക്കു മരണം
സത്യത്തെ വ്യഭിച്ചരിച്ചവരില്‍ നിന്നും !

പ്രിയപ്പെട്ട ലീലേ , നിന്റെ സത്യങ്ങള്‍ക്ക്
ഇന്നും മരണമില്ലെന്നറിയുക!
അസത്യങ്ങള്‍ നിന്നെ പിന്തുടര്‍ന്നപ്പോള്‍
നീ ആരുടെയോ വടിവാളിനാല്‍ നിര്‍ജീവമായെങ്കിലും
നിന്‍ ചെയ്തികള്‍ തരും കാരുണ്യം ഇന്നും അഭികാമ്യം ..

നിന്റെ കുറവു നികത്താന്‍ നീ മാത്രം; എങ്കിലും
തമസ്സില്‍ എരിയും നിന്‍ തിരിനാളം ഏറ്റുപിടിക്കാന്‍
നേരിന്റെ വഴികളില്‍ സഞ്ചരിക്കാന്‍
നിന്റെ അനുയായികള്‍; കരുണയുള്ള മനുക്ഷ്യര്‍ ഇനിയുമുണ്ട് !

വഴുതിയ നുണയുടെ പാറകെട്ടുകള്‍ തച്ചുടക്കാന്‍
മനുക്ഷ്യ ദൈവങ്ങളായ് ഞങ്ങളിതാ പുറപെട്ട് കഴിഞ്ഞു....
നീയാം ഗുരുവിന്റെ തുണയോടെ
നിന്റെ അനുഭവവും ആഗ്രഹങ്ങളും കൈമുതല്‍!

മരണമില്ലാത്ത നിന്റെ നാവിന്‍തുമ്പില്‍
ഞങ്ങളുടെ അശ്രുപൂജ !
ആക്രമികള്‍ക്കിരയാകും ഞങ്ങളെങ്കിലും
വിടില്ല ഞങ്ങളോരുത്തനേം!

നിന്റെ കല്ലറയില്‍ എപ്പോഴും പൂക്കുന്ന പൂക്കളില്‍
നിന്റെ പ്രാണന്റെ അനുഗ്രഹം ഞങ്ങളറിയുന്നു.
ഉള്ളില്‍ അഗ്നിയുടെ പ്രതികാരവുമായി കാപട്യത്തിന് നേര്‍ക്ക്‌ !
ഞങ്ങള്‍ക്ക് ഇനി സമാധാനമെന്ന ലക്‌ഷ്യം മാത്രം!

നിന്റെ മാത്രമല്ലേ പ്രണയമേ !














പ്രണയമേ ...,
മഴയായ് തൂവുന്ന താരുണ്യമേ
ഒരു നിമിഷം കൊണ്ടോരുകോടി ഹര്ഷബിന്ധുക്കള്‍ വിതറും
നീയാം നിര്‍ലജ്ജ പൌരുഷമേ
നിനക്ക് മുന്നില്‍ എന്റെ മന്ദസ്മിതം .........

നീറും നെഞ്ചിന്റെ മോഹങ്ങളും
കൊണ്ടോഴുകുമീ കാവേരി, നീരുവറ്റി കിടക്കുന്ന
ഇടനാഴികളില്‍ ഒരു തുള്ളിപ്രണയത്തിന്‍
ജലബോംബിനാല്‍ തകര്‍ക്കപെട്ടു കഴിഞ്ഞു !
ഒരു വേനല്‍ കാഴ്ചയായ് മറയുമ്പോഴും
എന്റെ കണ്ണീരിന്റെ സ്മ്രിതികളില്‍ നിങ്ങള്‍ക്കു സുഖമോ?

ആത്മാവിന്റെ ആകാശം മൂക്കുകുത്തി
താഴെ വീണാലും ചിരിക്കുന്നവര്‍
എവിടെ ? അവരുടെ കരുണയും സ്നേഹവും !
ഓരോരോ ദിനരാത്രങ്ങളിലും കാവേരി പാടുമ്പോള്‍
നിറമുള്ള സ്വപ്‌നങ്ങള്‍ ചാര്‍ത്തി ഓളങ്ങള്‍ കരയുമ്പോള്‍
ആരുമറിഞ്ഞില്ല നീറും നൊമ്പരത്തിന്‍ മൌനം !

നിന്റെ വാക്കുകള്‍ എന്‍ കാതില്‍
ചെമ്പരത്തി തിരുകിയതോ നിന്റെ പ്രണയം
എപ്പോഴും നിന്‍ സാമീപ്യസായൂജ്യം പുണരുവാന്‍
അലകള്‍തന്‍ കരങ്ങളുമായ് ഞാന്‍ നിന്നിലേക്കടുക്കവേ
നിന്റെ ഇരുട്ടില്‍ എനിക്ക് കുരുതി !

എന്റെ ഓളങ്ങളില്‍ നിന്റെ നൌക കുതിച്ചുപായുമ്പോള്‍
എന്റെ മാനസം ; ഈ കാവേരി കരഞ്ഞതും
കണ്ണീരിനാല്‍ സ്വപ്‌നങ്ങള്‍ നെയ്തതും നീ മറന്നു ..!
ഒടുവില്‍ പിഴക്കും ജീവിതം എന്റെയെന്നറിഞ്ഞപ്പോള്‍
എന്നെ മറന്നു... നീ മറഞ്ഞൊരു ലോകം
ഇന്നുമെനിക്കന്ന്യം!

എങ്കിലും അറിയുക , ഈ കാവേരി
നിന്റെ മാത്രമല്ലേ പ്രണയമേ !

Friday, March 23, 2012

എനിക്ക് കവിതയെഴുതാന്‍ അറിയില്ല










നല്ല പ്രണയം 

കുറിച്ചുടും മോഹങ്ങള്‍ വെറുതെ
വളുരുന്നുവെന്‍ കവിതയില്‍.
എഴുതുവാന്‍
ഏറെയുണ്ടെങ്കിലും എഴുതുവാനാവാതെ
എടോ,
ഞാന്‍ പുകയുന്നു പുകപോല്‍!

 

 

അടുത്ത വീട്ടിലെ ചെറുക്കനെന്നോട്
പ്രണയം പറഞ്ഞതുമുതല്‍
പിന്നെയും എത്രയെത്ര പ്രണയ വിളികള്‍...
പിന്നിട്ട പാതയില്‍
എനിക്കെത്ര മുള്ളുകള്‍ കൊള്ളേണ്ടിവന്നു ?
പാദങ്ങള്‍ മുറിഞ്ഞു;പാഠങ്ങള്‍ ഉരുത്തിരിഞ്ഞു !

നന്മയുടെ ഭാണ്ഡവും പേറി ഞാനിനിയും
എങ്ങോട്ട്?


പ്രണയമേ , നിന്നെ
ചിക്കിചികഞ്ഞു നോവിച്ചുവോ ; ഞാന്‍
അറിയാത്ത ലോകമെന്നില്‍
നിറച്ച നീ ഇന്നെനിക്കകലെയോ?

വാക്കുകള്‍ തീ പോലെ
എന്റെ ചെവികളില്‍ വെടി മുഴക്കുമ്പോള്‍
വേദിയില്ലാതെ ഞാനും.. എന്റെ
കവിതയും വേദനയില്‍ അലയുന്നു!

 

 ഇന്നലെയുടെ സുഹൃത്തുക്കള്‍
എന്നെ നോക്കി-
ചിരിച്ചപ്പോള്‍ എന്റെ ഹൃദയ പൂക്കള്‍
പിന്നെയും വാടി!
കാരണമില്ല;കാരണം ഞാനും എന്റെ തെറ്റുകളും മാത്രം!

 

ഞാനാകെ തളര്‍ന്നു, എന്റെ കവിത
എഴുതാന്‍ വന്ന വാക്കുകള്‍
എല്ലാം എന്നെ പിന്നെയും വ്രണപെടുത്തുന്നു.
ചുരുണ്ട മുടിയുള്ള ഒരു രൂപമെന്നില്‍
അടിഞ്ഞു പിണയുമ്പോള്‍
ഞാനെന്‍ വദനം വെറുക്കുന്നു !

 

സിരകളില്‍ കാമം വന്നടിയുമ്പോള്‍
എന്റെയടുത്തെത്തും
ചുരുണ്ടാമുടിക്കാരാ-നിന്റെ വ്രണിത മേനി
എന്നെ പലപ്പോഴും നോവിക്കുന്നു.
എനിക്ക് നിന്നോട് വെറുപ്പാണ് .

 

അഴകില്‍ പൊതിഞ്ഞ എന്റെ
നിറമിഴികള്‍ക്കുതാഴെ
നിന്റെ വിഷം കുത്തിനിറച്ച സൂചി
എന്നില്‍ കുത്തി നീ ചിത്രങ്ങള്‍ വരക്കുമ്പോള്‍
എന്റെ കവിത എന്നെ വെറുക്കുന്നു; എന്നില്‍
നിന്നും ദൂരെയൊളിക്കുന്നു.

 

'വരില്ല നിന്‍ തൂലികത്തുമ്പില്‍ വാക്കുകളാല്‍
സാന്ത്വനം പകരാന്‍;
നീയെനിക്ക് നരകത്തിന്റെ താജ്മഹല്‍
പണിയുമ്പോള്‍ ,എന്റെ
ഓര്‍മ്മയില്‍ ചിത്രങ്ങള്‍ മഷിപുരണ്ടു വെറുതെ
തളര്‍ന്നു കിടക്കുന്നു ....

 

എന്റെ കവിത എവിടെ?
അടവിരിയുംമുമ്പേ
പറന്നു പോകുന്ന പക്ഷിയായ് ,തൂലികയില്‍
നിന്നു ദൂരെ നിശബ്ദമായ് അലഞ്ഞ്
എനിക്ക് നേരെ പോര്‍വിളിക്കുന്നുവോ?!

Thursday, March 8, 2012

എന്നും നീ മാത്രം






പ്രണയമേ അറിയാതെ പോവുന്നു നീ
ഒരുമാത്ര അരികില്‍ വരാതെ; എന്‍  
സ്നേഹപൂക്കള്‍ നീ  സ്വീകരിക്കൂ ...
അര്‍ച്ചനാ പുഷ്പങ്ങളായ് !


നീറും നോവ്‌ പേറും എന്നകത്തിന്‍ 
ആത്മമൌനങ്ങളെ  നീ
ഇടനെഞ്ചില്‍ താമസിപ്പിച്ചാലും !

ഒരു വിസ്മയ ചിത്രമായ്‌ മറയും
നിന്‍ സുസ്മിതമെന്നില്‍
നിറക്കുമ്പോള്‍  എന്നിലെത്ര
അനുഭൂതിയെന്നോ ! ഇതനുരാഗമോ ?!

അറിയാതെ ചിരിക്കുന്നു ;കരയുന്നു
 ദിനരാത്രങ്ങളിലും...                                                    
വര്‍ണ്ണത്തില്‍  ചാര്‍ത്തിയ
സ്വപ്‌നങ്ങള്‍ പൂവിട്ടു കൊണ്ട്
ഘടികാരങ്ങള്‍ കറങ്ങീടവേ,  എന്‍
ലോകം  നിന്നില്‍ അവസാനിക്കുന്നു !


എന്നും നിന്‍ സാമീപ്യ മവസനിക്കുമ്പോള്‍
ഞാന്‍ പിടയുന്നു ;കനലിന്റെ
കണ്ണില്‍  ഉഴറും നൌകപോല്‍
ജീവിതമങ്ങനെ  മാറി മറയുമ്പോള്‍ ...
എന്‍  സ്വപ്ന ചിതയില്‍   നീ എന്നും
എരിഞ്ഞീടവേ .. നിന്‍
ഓര്‍മ്മകള്‍ ഈറനണിഞ്ഞു നിറയുമെന്‍
മിഴിയിണകളില്‍...!


നമ്മുടെ  ജീവിതം  പാഠമായി ;നമ്മള്‍
അകലാന്‍  ആരോ വിതുമ്പുമ്പോള്‍,
എന്‍ ഹൃദയമേ , നീയറിയണം
എന്റെ പ്രാണന്‍  നിനക്കായി
എപ്പോഴും തുടിക്കുമെന്ന  നിജസത്യം !

Monday, February 20, 2012

മുറിവ്

    ലക്ഷ്യമില്ലാതെ
അലഞ്ഞ് ,ഉഴറിനടപ്പാണ് അകം .
ഒന്നുറക്കെ കരയാന്‍ ,
ചിരിക്കാന്‍  കഴിയാതെ 
വല്ലാതെ വിഷമിക്കുന്നു .
ഹൃദയതാപത്തിന്നുരുക്കങ്ങളഴിക്കാന്‍..
എന്നെ ഒന്ന് സഹായിക്കാമോ?
എന്നെ 
മുഴുവാനായ് അറിഞ്ഞുകൊണ്ട്
ഹൃദയത്തില്‍ ഹൃദയത്താല്‍ 
തൊട്ടുകൊണ്ട്‌.
എങ്കില്‍
ഇവിടെ അല്‍പ്പം  വിശ്രമിച്ചോട്ടെ.

മഴ പെയുമോ?
മഴയെ എനിക്ക് പേടിയാണ്
എന്താണെന്നറിയില്ല
'മഴ ' എന്നാല്‍,
ചെകുത്താനെ പോലെ!
ഞാന്‍ 
അകത്തോട്ടു വരട്ടെ ?

സാന്ത്വനം :
അതെന്റെ  മുറിവില്‍ പുരട്ടുമോ ?
"മടിക്കണ്ട 
മുറിവ് പഴുത്തു ചലം ഒലിക്കുന്നതിനു മുന്‍പ്.
നിങ്ങള്‍ക്കറിയില്ലേ;
സാരമില്ല,
ഞാന്‍ ചോദിക്കുന്നവര്‍ക്കൊന്നും 
അറിയില്ല
എന്നെ
സംരക്ഷിക്കാന്‍
നിങ്ങള്‍ക്കുമാവില്ല  
അകാരണമായ 
ഒരു   
രോഗമാണ്  ഞാന്‍; 
എന്റെ വേറിട്ട  ശബ്ദം!

പറയാതെ  ഞാന്‍ ഇവിടെ നിന്നും അപ്രത്യക്ഷമാകും
എന്നെ  നിങ്ങള്‍ക്കൊരിക്കലും 
തടയാനാവില്ല  ?
'എന്റെ  മുറിവ്  കാണുമ്പോള്‍ ,
നിങ്ങള്‍ ഓടിയൊളിക്കും .... 
എങ്കിലും 
                                                                      ചോദിക്കുന്നു വീണ്ടും;
വിഷമതകളെ മൂടുവാന്‍
എന്റെ വ്രണം
ഉണക്കുവാന്‍
സാന്ത്വനം  നല്‍കാമോ ?
നില്‍ക്കൂ...

പേടിക്കണ്ട ,
ഞാന്‍ ഇവിടെ നിന്നും പോകുകയാണ്!