'വരില്ല നിന്‍ തൂലികത്തുമ്പില്‍ വാക്കുകളാല്‍ സാന്ത്വനം പകരാന്‍; നീയെനിക്ക് നരകത്തിന്റെ താജ്മഹല്‍ പണിയുമ്പോള്‍ ,എന്റെ ഓര്‍മ്മയില്‍ ചിത്രങ്ങള്‍ മഷിപുരണ്ടു വെറുതെ തളര്‍ന്നു കിടക്കുന്നു ....

Wednesday, December 28, 2011

എന്റെ ഭ്രാന്ത്

ഞാന്‍ ഉറങ്ങുകയായിരുന്നു.  എഴുന്നേറ്റു  നോക്കുമ്പോള്‍  പുമുഖത്തും മുറ്റത്തും നിറയെ ആളുകള്‍ കൂടിയിരിക്കുന്നു .
ഇവരൊക്കെ ഇവിടെയെന്തിനാണ് കൂടിയിരിക്കുന്നത് ? ഞാന്‍ ആശ്ചര്യത്തോടെ എല്ലാവരെയും നോക്കി,  പലര്‍ക്കും  പല ഭാവങ്ങള്‍.രാവിലെ അമ്മാവന്റെ മകള്‍ രാഗിണിക്ക്  വയറു വേദന വന്നത്രേ,  പെട്ടന് തന്നെ  മരണവും കഴിഞ്ഞു .
ഇത്രയും വലിയ ഒരു ദുരന്തം നടന്നിട്ടും ആരും എന്നെ അറിയിചില്ലല്ലോ ,വിളിച്ചില്ലല്ലോ !
എന്ത് പറ്റി?!
അയ്യോ ഞാന്‍ മറന്നു .ഞാനൊരു ഭ്രാന്തനാണല്ലോ!
വീട്ടിലെ പല സാധനസാമഗ്രികളും എറിഞ്ഞുടച്ച്, തല്ലി തകര്‍ത്ത  എന്നെ മനോരോഗ ചികിത്സകന്റെ മുന്നില്‍  പിടിച്ചിരുത്തുമ്പോള്‍  ഞാന്‍ എന്റെ  അനുജന്‍ വാസുദേവന്റെ തോളില്‍ ചാരി കിടക്കുകയായിരുന്നു അവന്‍  എന്തൊക്കെയോ  എന്നെ പറ്റി ഡോക്ടറോട്  പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു. ഡോക്ടര്‍ എന്തൊക്കെയോ എന്നോടും ചോദിച്ചു ഞാന്‍ എന്തൊക്കെയോ പറഞ്ഞു സ്ഥലകള്‍ ബോധമില്ലാതെ ,സാഹചര്യമറിയാതെ  ഞാനേതോ പ്രേമഗാനത്തിന്റെ  ഈരടികള്‍ പാടി.
ഡോക്ടറുടെ ചോദ്യങ്ങള്‍ക്ക്  വാസുദേവന്‍  കൃത്യമായി മറുപടി പറഞ്ഞു; എല്ലാം അറിയുന്നവനെ പോലെ  ദൈവത്തെ പോലെ ഡോക്ടര്‍ അവിടെ തെളിഞ്ഞു നിന്നു.
  മുറ്റത്ത്‌ വളര്‍ന്നു നില്‍ക്കുന്ന  ചെമ്പക മരത്തിന്റെ  ചുവട്ടില്‍  കസേരകളിട്ടു  ആളുകള്‍ ഇരുന്നു .അവര്‍ എന്തൊക്കെയോ  സംഭാഷണം  നടത്തി .രാഗിണിയെ കുറിച്ച് ,അവളുടെ പെട്ടന്നുള്ള മരണത്തെ കുറിച്ച്.
                  അവളുടെ  അച്ഛന്‍  കേശവന്‍ നായരെ എല്ലാവരും വന്നു കാണുന്നുണ്ടായിരുന്നു. അയാള്‍ തന്റെ തോളില്‍ കിടക്കുന്ന തോര്‍ത്തുകൊണ്ട്  കണ്ണുനീര്‍ ഒപ്പി .വാക്കുകള്‍ പറയാനാവാതെ  അയാള്‍ തല താഴ്ത്തി കരഞ്ഞു.
  "ആശുപ്ത്രിന്നു തന്നെ കഴിഞ്ഞോ"?
"ഉവ്വ്".
 വാര്‍ഡുമെമ്പറുടെ ചോദ്യത്തിനു വെറ്റില കടക്കാരന്‍ മുത്തയ്യ  മറുപടി നല്‍കി.
  പൂമുഖത്ത് കിടത്തിയിരിക്കുന്ന രാഗിണിയെ കാണാന്‍ ചെന്നപ്പോള്‍ ആരൊക്കെയോ ചേര്‍ന്ന്  എന്നെ കാണാന്‍ വിടാതെ ഇരുണ്ട മുറിയിലെ  ചങ്ങലയില്‍ കെട്ടിയിട്ടു.
 "ഈ പൊട്ടനിപ്പോ എന്തിന്റെ സൂക്കേടാ, ശവം കാണാന്‍ വന്നിരിക്കുന്നു" ...
എന്നെ കെട്ടിയിട്ടു  പോകുമ്പോള്‍ ആരോ പറഞ്ഞു .ഞാന്‍ തേങ്ങി തേങ്ങി കരഞ്ഞു .
അച്ചുമാമേ എന്നെ അഴിച്ചു വിട് ....ഞാന്‍ അലറി. എന്റെ  അലര്‍ച്ച ആ മുറിയില്‍ നിന്നും പുറത്തു കടന്നില്ല.
 "ഇക്ക്  രാഗിണിയെ പോലെ കിടക്കണം . എന്ത് രസമ  പൂമുഖത്ത് കിടക്കാന്‍ , നിറയെ  ആളുകള്‍   നോക്കി നില്‍ക്കുന്നു ,കരയുന്നു ,കണ്ണ് തുടക്കുന്നു ......"
 കേശവമാമ ആരും കേള്‍ക്കാത്ത ശബ്ദത്തില്‍  കരഞ്ഞു കൊണ്ട്  പൂമുഖത്ത് ഉലാത്തുന്നു.ആരൊക്കെയോ അയാളുടെ കൈ വന്നു പിടിക്കുന്നു ..എന്തൊക്കെയോ പറഞ്ഞു ആശ്വസിപ്പിക്കുന്നു.
            എന്ത് രസമാണ്  ആ കാഴ്ച!
" ഇക്കും രാഗിണിയെ പോലെ കിടക്കണം .. രാഗിണി , ഞാനും വരുന്നു  നിന്റെ കൂടെ എന്നെയും വിളിക്ക് ... ഇല്ലെങ്കില്‍ നിന്നെ ഞാന്‍ കൊല്ലൂട്ടോ"
ഇരുണ്ട മുറിയില്‍ ചങ്ങലയില്‍ തളച്ചു കിടക്കുന്ന  എന്റെ വിളിയോ അപേക്ഷയോ  ആരും കേട്ടില്ല. ആര് കേള്‍ക്കാന്‍ !
ഞാന്‍ ഭ്രാന്തനാണല്ലോ,  അതല്ലേ  എന്നെ ചങ്ങലക്കിട്ടിരിക്കുന്നത്?!
 പുറത്തു  എല്ലാവരുമുണ്ട്‌ .എന്റെ അച്ഛന്‍,വാസുദേവന്‍,അമ്മായിമാര്‍ ,അമ്മാവന്‍മാര്‍,കൂട്ടുകാര്‍  പിന്നെ ഞന്‍ കണ്ടിട്ടില്ലാത്ത  എന്റെ ബന്ധു ജനങ്ങള്‍, നാട്ടുകാര്‍  ഒക്കെ. എല്ലാവരും  തമ്മില്‍ തമ്മില്‍  എന്തൊക്കെയോ  സൊകാര്യങ്ങള്‍ പറയുന്നു . ഞാന്‍ മാത്രം തനിച്ച്!
അതെങ്ങനെയാ  ഞാന്‍ എന്നും തനിച്ചാണല്ലോ?
 എന്റെ വല്യമ്മയ്ക്ക് എന്നോട് ഭയങ്കര സ്നേഹാ..., അവരെനിക്കു നിറയെ ആപ്പിളും  മുന്തിരിയും  കളിപ്പാട്ടങ്ങളും കൊണ്ട് വരുമായിരുന്നു. അവരുടെ ഭര്‍ത്താവ് ഒരു പട്ടാളക്കരനയിരുന്നു . നാടിനു വേണ്ടി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച  അയാള്‍ക്ക് സര്‍ക്കാരില്‍ നിന്നും ബഹുമതി  ലഭിച്ചിരുന്നു .
 ആ പട്ടാളക്കാരനെ  ഇന്നാട്ടിലെ എല്ലാവര്ക്കും ബഹുമാനമായിരുന്നു. നാടിനു വേണ്ടി ജീവന്‍ ത്യെജിച്ച ഒരു ജവാന്റെ പത്നി  എന്ന ബഹുമതി  വല്യമ്മക്കും കിട്ടിയിരുന്നു .അവരെ എല്ലാവരും കൌതുകത്തോടും  ബഹുമാനത്തോടും  നോക്കി കണ്ടു.
വല്ല്യമ്മക്ക് ചെറുനാരങ്ങയുടെ നിറമാണ്. അവരെ  ആ നാട്ടിലെ എല്ലാ ചെറുപ്പക്കാരും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു.ആ നാട്ടിലെ തമ്പ്രാക്കന്മാരുടെ  ഇടയില്‍ നിന്നും അവര്‍ക്ക് ഒരുപാടു ആലോചനകള്‍ വന്നെങ്കിലും  വല്യമ്മയ്ക്ക് പട്ടാളക്കാരനായ രാമന്‍ നായരെയാണ് ഇഷ്ട്ടമായത് .അവര്‍ അയാളെ തന്നെ മംഗല്യം ചെയ്തു !
    "വല്യമ്മേ , വല്യമ്മേ ..എന്നെ അഴിച്ചു വിട്....... ഇക്കും രാഗിണിയെ പോലെ കിടക്കണം ....".
ഞാന്‍ പിന്നെയും നിലവിളിച്ചു കരഞ്ഞു .
"പിച്ചും പേയും പറയാതെ കിടന്നോ അവിടെ ...."ആരോ വെളിയില്‍ നിന്നും വിളിച്ചു പറഞ്ഞു.
അത് വല്യമാമയായിരിക്കും. ഒരു മുശടന്‍. അയാള്‍ എന്നെ ഇപ്പോഴും തല്ലും.. എന്നെ ചീത്ത വിളിക്കും. സമയം കിട്ടുമ്പോഴൊക്കെ  അയാള്‍ തന്റെ ഭാര്യയേയും കുട്ടികളേയും ഉപദ്രവിക്കും. കരുണയില്ലാത്തവന്‍ ... ഉപദ്രവകാരി.
 അയാള്‍ എന്നും കള്ളുകുടിക്കും . കള്ളുകുടിച്ചാല്‍  പുലഭ്യങ്ങള്‍ പറയും. അതുകേട്ടു  അയാളുടെ കുടുംബം  എപ്പോഴും സങ്കടപെടും  പിന്നെ അവരുടെ കണ്ണുകളില്‍  നിന്നും കണ്ണീര്‍ ചാലുകള്‍  ഊര്‍ന്നു  വരും.
എനിക്ക് അവരെ കാണുമ്പോള്‍ സങ്കടം വരും. പകഷെ എനിക്ക് സങ്കടം വന്നിട്ടെന്തു കാര്യം ഞാന്‍ ഒരു ഭ്രാന്തനല്ലേ ?!
    മുറ്റത്തെ  ചെമ്പകമരത്തില്‍ നിന്നും ചെമ്പകപൂവിന്റെ സുഗന്ധം  കാറ്റിലൂടെ ഒഴുകി വന്നു. വിടവ് വന്ന ജാലകത്തിലൂടെ സൂര്യപ്രകാശം  ഒരു കുഴലുപോലെ  നീണ്ടു.
      ചെമ്പകമരം ഞാന്‍ നട്ടതാണ്. അത് വളര്‍ന്നു വലുതായി  ചെമ്പക പൂക്കള്‍  വിരിഞ്ഞു തുടങ്ങി. ആ ചെമ്പകതൈഎനിക്ക് തന്നത് നീതുവാണ്. അവളിന്ന് ഡോക്ടറാണ്. എന്നെ ചികിത്സിക്കുന്ന ആശുപത്രിയിലാണ്  അവള്‍ ജോലി ചെയുന്നത്. ആശുപത്രിയില്‍ കിടക്കുമ്പോള്‍  ഞാന്‍ എപ്പോഴും അവളെ നോക്കും. അവള്‍ എന്റടുത്തു  വന്ന് സുഖവിവരങ്ങള്‍ അന്വേഷിക്കും. അവള്‍ക്ക് പൂവമ്പ ഴത്തിന്റെ  നിറമാണ്. എന്തൊരു ചന്തം !
 "അവളുടെ അച്ഛനും അമ്മയ്ക്കും കൂടി  ഒരേ ഒരു മകളാ ..അതോണ്ട് അവള്‍ക്ക് നിറയെ കളിപ്പാട്ടം കിട്ടിയിരുന്നു . അവള്‍ ഡല്‍ഹിയിലും ബാങ്ക്ലുരിലുമൊക്കെ  പോയിട്ടുണ്ട് .. അവള്‍ വിമാനത്തില്‍ കയറിയിട്ടാണാത്രെ  അവിടെയൊക്കെ പോയത് !
പത്താം ക്ലാസുവരെ  ഞാനും അവളും ഒരുമിച്ചാണ് പഠിച്ചത് .അവള്‍ എപ്പോഴും ക്ലാസ്സില്‍ ഒന്നാമതായിരുന്നു .പഠിക്കാന്‍ ബഹുമിടുക്കി.അധ്യാപകര്‍  അവളെ വാനോളം പുകഴ്ത്തിയിരുന്നു.
           ഉച്ച സമയത്ത് സ്കൂളിലെ നെല്ലിമര ചുവട്ടിലിരുന്ന് ഞങ്ങള്‍  പാട്ട് പാടുമായിരുന്നു .അവളെക്കാളും നന്നായി ഞാനാണ്‌  പാടുക .
"നിന്റത്ര  പാടാനൊന്നും ഇക്കറിയില്ല്യ"... അവള്‍ എപ്പോഴും പറയും. അവള്‍ പിന്നെ ചിണുങ്ങാന്‍ തുടങ്ങും.
              അവള്‍ ഇന്ന് വളര്‍ന്നു വലിയ ഡോക്ടറായി  ഞാന്‍ അവള്‍ ചികിത്സിക്കുന്ന  ഭ്രാന്തനും. എന്തൊരു അത്ഭുതം !
 ഞങ്ങള്‍  ഒരേ ക്ലാസില്‍ പഠിച്ചവരാണ് ... ഒരുമിച്ചു പാട്ട് പാടിയവരാണ്... എന്നിട്ടും!
 "വല്യമ്മേ ,,, എന്നെ അഴിച്ചുവിടു ...ഇക്കും രാഗിണിയെ പോലെ കിടക്കണം ....."
 ഞാന്‍ പൊട്ടി പൊട്ടി കരഞ്ഞു.
  മുറ്റത്ത്‌  ആളുകള്‍ പിന്നെയും പിന്നെയും  വന്നു. രാഗിണിക്ക്  പന്ത്രണ്ടു വയസേ  പ്രായമുള്ളൂ..പാവം!
അവള്‍  എന്തിനാണ്  ഇപ്പോള്‍ പൂമുഖത്ത് ഒന്നും ഉരിയാടാതെ വെള്ളത്തുണി  പുതച്ചു കിടക്കുന്നത് ?!
 അവളെ കാണാന്‍  അവളുടെ സ്കൂളില്‍ നിന്നും  അദ്ധ്യാപകരും കുട്ടികളും  വന്നു നിറഞ്ഞു. വന്ന അദ്ധ്യാപകര്‍  അവളെ വാനോളം പുകഴ്ത്തി .കുട്ടികള്‍  കണ്ണീര്‍  തുടച്ചു.
 "വല്യമ്മേ  എന്നെ അഴിച്ചുവിടു......അഴിച്ചു വിടു...."
 ആരും എന്നെ  അഴിച്ചു വിട്ടില്ല.വല്യമ്മയും എന്റെ വിളി കേള്‍ക്കുന്നില്ലേ?
 എനിക്ക് ക്ഷോഭം വന്നു .അമര്‍ഷം എന്റെ ഉള്ളില്‍ അഗ്നി പോലെ ആളി കത്തി.
        ദൂരെ എവിടെ നിന്നോ  എന്റെ ഭൂതകാലം  കരിഞ്ഞു മണത്തു. എന്റെ നസ്വാരങ്ങളെ   മുറിപെടുത്തി. ആ മുറിവുണക്കാന്‍ എനിക്കറിയില്ല .
 എന്റെ ഹൃദയത്തിനും ജീവിതതിനുമിടയില്‍ ദൈവത്തിന്റെ കയൊപ്പുണ്ടായിരുന്നു അതാവാം എന്റെ ഭ്രാന്ത് .(ഞാന്‍ ദൈവത്തിന്റെ സ്വന്തം മകനാണ് ) എനിക്ക്  എന്തൊക്കെയോ പറയണം ... എന്റെ ഭ്രാന്തിനെ  പറ്റി... ഭ്രാന്തിനെ ചങ്ങലക്കിട്ട  എന്റെ മനസിനെ പറ്റി ...
നിങ്ങള്‍ക്ക് മനസിലാകുമോ?
 നാം മനുഷ്യരല്ലേ , മനുഷ്യര്‍ക്കെല്ലാം ഭ്രാന്തില്ലേ ? പിന്നെ എന്ത് കൊണ്ടാണ്  എന്നെ മാത്രം ഭ്രാന്തനെന്നു വിളിക്കുന്നത്‌ ?
 എന്റെ രോഗം വര്‍ദ്ധിക്കുമ്പോള്‍  ഞാന്‍ എന്നെ മറന്ന് ഏതോ കാണാലോകത്ത്  തനിയെ ആനന്ദമായി അലഞ്ഞു  നടക്കുന്നു. അപ്പോള്‍ ഞന്‍  അതില്‍ സന്തോഷവാനാണ് ,സംതൃപ്തനാണ് . ആ സംതൃപ്തി  നിങ്ങള്‍ക്ക് ഭ്രാന്താണ് ! നിങ്ങള്‍ക്കെന്നെ  ഭ്രാന്തനെന്നു  മുദ്രകുത്താനുള്ള  വഴികളാണ്!

 ഉദയം കഴിഞ്ഞ് അസ്തമിക്കാന്‍ തുടങ്ങിയ സൂര്യനെ പോലെ  ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ ചുരുണ്ട് കിടക്കുന്നു! ഞാന്‍ എന്താണ് ആഗ്രഹിച്ചത്‌ ?  niഎന്നെ  എന്നും  പിന്തുടരുന്ന  കരിഞ്ഞ മണം.
 എന്നെ പിന്തുടരുന്ന  ആ മനം അവളായിരുന്നു .എന്റെ  ജീവനില്‍  ഒതുങ്ങികിടന്ന ,സ്വസവായു പോലെ  ഹൃദയത്തില്‍  താലോലിച്ചു നടന്ന എന്റെ പൌര്‍ണമി . അവളൊരു രത്നമായിരുന്നു .
പൌര്‍ണമിയുടെ അഴകാര്‍ന്ന മിഴികളില്‍ ഇപ്പോഴും  കുസൃതി  മിന്നി മറയുമായിരുന്നു.
   അപരിചിതമായ ബന്ധത്തില്‍ നിന്നും  ഹൃദയത്തിന്റെ അടിത്തട്ടിലേക്ക്  ഹിമാബിന്ധുവായി  പെയ്തിറങ്ങിയ സ്നേഹസാമ്രാജ്യം ഒരു പാട് നല്ല നിമിഷങ്ങള്‍ ,ചോദ്യങ്ങള്‍ മനസ്സില്‍ ബാക്കി നിര്‍ത്തി വിളര്‍ത്ത നിഴലുകല്‍ക്കുപിന്നലെ പോങ്ങിയുംതാനുമെന്നെ തനിച്ചാക്കി ,ഒറ്റപെടുത്തി മറഞ്ഞു പോയപ്പോള്‍  ഒഴിയാബാധപോലെ ചോദ്യങ്ങള്‍ ശരങ്ങളായി എന്റെ മുന്നില്‍  പെയ്തുതുടങ്ങി ....
 ഇപ്പോഴും ഞാന്‍ തളര്‍ന്നു കിടന്നു.മുന്നില്‍ വിരിഞ്ഞ നിമിഷങ്ങള്‍ കണ്‍ തടങ്ങളില്‍ കണ്ണീരിന്റെ നനവ്‌  ചുരത്തി.
എന്റെഹൃദയം അമ്പരപ്പോടെ ,ആശ്ചര്യത്തോടെ  ആരുടെയോ കാലിനടിയില്‍ കിടന്നു പിടഞ്ഞു .
ഞാനറിയാതെ  എന്റെ മനസ്സില്‍ വേറൊരു ലോകം  ഉരുത്തിരിഞ്ഞു വന്നു .
  കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാതെ കിടന്ന  എന്നെ പലരും  അര കിറുക്കനെന്നു മുദ്ര കുത്തി.
      ഓര്‍മ്മകള്‍ മരവിച്ചു .മഞ്ഞ ലോകത്തില്‍  മഞ്ഞപിത്തം ബാധിച്ച്‌ ഞാന്‍കിടന്നു .കണ്ണുകള്‍ തുറന്ന് ഞാന്‍ ഉറങ്ങി. കാലം  എനിക്കൊപ്പം  വികൃതി കാണിച്ചു കൊണ്ടിരുന്നു ,മഞ്ഞളിച്ച പകലുകളും രാവുകളും  ഞാനറിയാതെ എന്റെ മുറിയിലൂടെ കടന്നുപോയി
       ജനനവും  മരണവും കുസൃതി  കുട്ടികളെ പോലെ  വികൃതി കാണിച്ചുകൊണ്ട്  ലോകത്തിനൊപ്പം കളിച്ചു നടന്നു.
കണ്ണ് തുറന്നുറങ്ങുന്ന എന്നെ തേടി ആരൊക്കെയോ വന്നിട്ടുണ്ടാവാം ...ഞാന്‍ ഒന്നും അറിഞ്ഞില്ല . എനിക്കുമുന്നില്‍  തെളിഞ്ഞ നിറമുള്ള  ആകാശത്തിനു  കീഴില്‍ ഞാന്‍ സംതൃപ്തനായി  ഉറങ്ങി .
ഭീകരമായ  രാവുകളുടെ  അന്ത്യ യാമങ്ങളില്‍  അവസാനത്തെ വിരുന്നിന് കൈകോര്‍ത്ത മനസ്സില്‍  ആയിരം  പാമ്പുകള്‍  ഫണം വിടര്‍ത്തി ചീറ്റി.
  എന്റെ മുറിയില്‍  മഞ്ഞ തിരശീലയിട്ട ജാലകങ്ങല്‍ക്കിടയിലൂടെ  ചന്ദന സുഗന്ധം  ഒഴുകി വന്നു. അത് അവളായിരുന്നുവോ?!
ജീവനില്‍ ലയിച്ച  ആ സുഗന്ധത്തില്‍  ഞാനിടവേലയില്ലാതെ , രാപ്പകലറിയാതെ ഒഴുകി കൊണ്ടിരുന്നു.
 കാലം  എനിക്ക്  പുതിയ കളികള്‍  കാണിച്ചു തന്നു.
                  വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍  ഞാന്‍ കണ്ണടച്ചുറങ്ങാന്‍  തുടങ്ങി.അച്ഛന്‍  എന്നെ നോക്കിചിരിച്ചു. വാസുദേവന്‍ എന്റെ കൈകളില്‍ പിടിച്ചു തുടങ്ങി. ഭിത്തിയില്‍  അനങ്ങാതെ കിടന്ന ക്ലോക്കില്‍  സമയം  നിലതെറ്റി ഒഴുകി .
    ജനങ്ങള്‍ എന്നെ പേടിച്ചുതുടങ്ങി. ആരൊക്കെയോ  എന്റെ ശരീരത്തില്‍  മുറിവേല്‍പ്പിച്ചു . ഞാന്‍  നിലതെറ്റിയൊഴുകുന്ന ക്ലോക്കിന്റെ  ഒച്ച കേട്ടുകിടന്നു . എന്നിലൂടെ ഞാനറിയാതെ  ആരോ അലറികൊണ്ടിരുന്നു. എന്റെ സ്വപ്നത്തില്‍ മരിച്ചയാളുകള്‍ വന്നു. അവര്‍ എനിക്ക്  പുതു ജന്മം തരാന്‍  വ്യഗ്രത  പ്രകടിപ്പിച്ചു .
        ഞാനിന്നും ജീവിക്കുന്നു ... എന്റെ കുടുംബത്തിന് ഭാരമായി ,വേദനയായി !
          പൂമുഖത്ത് കരച്ചിലിന്റെ രവം  വര്‍ദ്ധിച്ചു .
     "എന്നെ അഴിച്ചു വിട് ...... എനിക്ക് രാഗിണിയെ കാണണം ..അവളെ പോലെ  കിടക്കണം..."
ആരും  വിളി കേള്‍ക്കുന്നില്ലേ ? ഞാന്‍ പൊട്ടികരഞ്ഞു .
          ജാലകത്തിലെ വിടവിലൂടെ  നീണ്ട  വെളിച്ചവും മറഞ്ഞു ..ഇരുട്ടായി .
ഇരുട്ടിന്റെ വിക്രതമായ ശബ്ദത്തെ ഞാന്‍  ഭയക്കുന്നു . എന്നെ തേടി ആ കരിഞ്ഞ മണം വരുന്നു . എന്റെ  വിരലുകള്‍ വിറക്കുന്നു. തീകൊള്ളിപോലെ  കത്തിയെരിഞ്ഞ  സൂര്യന്‍  ചക്രവാളത്തിലെ പട്ടുമെത്തയില്‍  നിദ്രയിലാണ് .
ജാലക വാതിലിനപ്പുറത്ത്‌  തടിച്ചു കൂടിയ  ജനങ്ങള്‍ക്കൊപ്പം  പുതച്ചുമൂടിയ  രാഗിനിയും പടി കടന്നുപോയി.
 രാഗിണിയെ പോലെ  കിടക്കാന്‍  കഴിയാത്തതില്‍  ഖേദിച്ച് നിരാശയോടെ  ഞാന്‍  ഇരുട്ടിലേക്ക്  നോക്കി കൊണ്ടിരുന്നു !1 comment:

  1. മറയില്ലാതെ ..പറയാം.....................നിങ്ങളൊക്കെ ആരാ . മഹാന്മാരോ

    എന്നെ പോലെ ഭ്രാന്തന്‍മാരും,ഭ്രാന്തികളും...................................!

    ReplyDelete